ശുദ്ധജല വിതരണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ – 1077.

ശുദ്ധജല വിതരണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ – 1077.

11
0
SHARE

കൊച്ചി : പൊതു, സ്വകാര്യ സ്രോതസുകളില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള മുന്നറിയിപ്പ് നല്‍കി. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ടുപോകുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങളോ പൊലീസോ തടയരുതെന്ന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കി. ടാങ്കറുകളിലും ലോറികളിലുമുള്ള കുടിവെള്ള നീക്കം തടയുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കളക്ടര്‍ ഉത്തരവിറക്കിയത്. കുടിവെള്ള വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നത് ടോള്‍ ഫ്രീ നമ്പറും കളക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് – 1077. ശുദ്ധജലം പൊതുസമ്പത്താണെന്നും എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കളക്ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടിവെള്ളനീക്കം തടയുന്നത് അനുവദിക്കില്ല. അതേസമയം നിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം പരാതികളില്‍ സാമ്പിള്‍ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ ഹെല്‍ത്ത് ഓഫീസറെയും ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണറെയും കളക്ടര്‍ ചൂമതലപ്പെടുത്തി. കിണറുകളില്‍ നിന്നും ജലമൂറ്റുന്നത് സംബന്ധിച്ച പരാതികളില്‍ പരിസരത്തെ ജലവിതാനത്തെ ബാധിക്കാതെ എത്ര ലിറ്റര്‍ വെള്ളം എടുക്കാനാകും എന്നതു സംബന്ധിച്ച് പരിശോധന നടത്തി ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കും. ടാങ്കറുകളില്‍ മലിനജലം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മേഖല ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കാണ്. കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളും ലോറികളും പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡും ഇതേ ഉത്തരവ് പ്രകാരം രൂപീകരിച്ചു. ജില്ലാ ഹെല്‍ത്ത് ഓഫീസറാണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍. എറണാകുളം/മൂവാറ്റുപുഴ മേഖല ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പ്രതിനിധി, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍, റവന്യൂ വകുപ്പിലെ ഡപ്യൂട്ടി തഹസില്‍ദാര്‍/ജൂനിയര്‍ സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കുന്ന പരാതികളില്‍ അതത് ദിവസം തന്നെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പൊലീസ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, കൊച്ചി കോര്‍പ്പറേഷന്‍, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ, ഭൂജല വകുപ്പ്, തഹസില്‍ദാര്‍മാര്‍, ആരോഗ്യവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കിയതായും കളക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY