മുഖ്യമന്ത്രിയെ കണ്ടാല്‍ മതി, അലീമ ഉമ്മക്ക് പരാതികളൊന്നുമില്ല.

മുഖ്യമന്ത്രിയെ കണ്ടാല്‍ മതി, അലീമ ഉമ്മക്ക് പരാതികളൊന്നുമില്ല.

1347
0
SHARE

കണ്ണൂർ : മുഖ്യമന്ത്രിക്ക് മുമ്പില്‍ അലീമ ഉമ്മയെത്തിയത് പരാതിയുമായല്ല. അദ്ദേഹത്തെ ഒന്ന് കാണണം, കുശലം പറയണം, അത്രമാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോജക മണ്ഡലം ഓഫീസില്‍ ഉണ്ടെന്നറിഞ്ഞാണ് അവര്‍ എത്തിയത്. ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികളും നിവേദനങ്ങളും സ്വീകരിക്കുമെന്ന് അറിയിച്ചതിനാല്‍ നൂറുകണക്കാനാളുകളാണ് പിണറായിയിലെ ഓഫീസില്‍ ബുധനാഴ്ച എത്തിയത്. പരാതിക്കാരെയെല്ലാം മുഖ്യമന്ത്രി കണ്ട് കഴിഞ്ഞശേഷമാണ് അണ്ടലൂര്‍ ക്കടവിലെ അലീമ ഉമ്മ എത്തിയത്. അലീമ ഉമ്മയെ കണ്ടതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് നിറഞ്ഞചിരി. പിന്നെ കൈകൊടുത്ത് കശലാന്വേഷണം. “എനിക്ക് പരാതിയും നിവേദനവുമൊന്നുമില്ല. ഞാന്‍ മരിച്ചാല്‍ എന്റെ വീട്ടില്‍ വരണം. വേറൊന്നും വേണ്ട.’ ചിരിച്ച് തൊഴുത് ആ ഉമ്മ മടങ്ങി; നിറഞ്ഞ സന്തോഷത്തോടെ. എണ്‍പത്കാരിയായ അലീമയെപ്പോലെ നിരവധി പേരാണ് മുഖ്യമന്ത്രിയെ ഒന്നുകാണാന്‍ മാത്രമായി വന്നത്. എഴുപത്തഞ്ചുകാരിയായ ചിരുതൈയും മാലൂരില്‍ നിന്നെത്തിയ മാണിക്കോത്ത് ചീരൂട്ടിയുമെല്ലാം വരിനിന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ പറഞ്ഞത് ഇതുമാത്രം. ഒന്നു കാണണം. അതിനുമാത്രമാണ് വന്നത്. രാവിലെ 11.10 ന് ആരംഭിച്ച പരിപാടിയില്‍ വന്നവരെയെല്ലാം ഒട്ടും ധൃതിയില്ലാതെ അദ്ദേഹം കണ്ടു. ഓരോ പരാതിയും വിശദമായി വായിച്ചു. പറയാനുള്ളത് കേട്ടു. നടക്കാത്ത കാര്യങ്ങളാണെങ്കില്‍ വളച്ചുകെട്ടില്ലാതെ തന്നെ മറുപടി. കെട്ടുകാഴ്ചകളില്ല, ആരവങ്ങളില്ല. പക്ഷേ ജനങ്ങള്‍ക്ക് ആ വാക്കുകളില്‍ വിശ്വാസമുണ്ട്. നോക്കാം എന്നു പറഞ്ഞാല്‍ ആവശ്യം ശരിയാകുമെന്ന് അവര്‍ക്കറിയാം. ചികിത്സാ സഹായം, വീടുവെക്കാനുള്ള സഹായം തുടങ്ങിയവയായിരുന്നു പരാതികളില്‍ ഏറെയും. വീടുവെക്കാന്‍ സഹായം തേടിയെത്തിയവര്‍ക്ക് സര്‍കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കാമെന്ന് മറുപടി നല്‍കി. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ വഴി അപേക്ഷ നല്‍കണമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ചികിത്സാ സഹായങ്ങള്‍ക്കും ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അപേക്ഷകളും അനുബന്ധരേഖകള്‍ കൃത്യമായി നല്‍കിയാല്‍ കാലതാമസമില്ലാതെ കിട്ടുമെന്ന ഉറപ്പ്. വഴിത്തര്‍ക്കം മുതല്‍ ബാങ്ക് വായ്പ കുടിശ്ശികയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷകള്‍ വരെ പരാതിയായെത്തി. മകന്റെ ഭാര്യയുടെ ബന്ധുവും പരാതിയുമായി വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വഴിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിപ്പിക്കാനായിരുന്നു നിര്‍ദേശം. പിഎസ്‌സിയുടെ വിവിധ തസ്തികകള്‍ക്കുള്ള റാങ്ക് ഹോള്‍ഡര്‍മാരായ നിരവധി യുവതീ യുവാക്കളും മുഖ്യമന്ത്രിയെ കാണാനെത്തി. “പ്രതീക്ഷ കൈവിടേണ്ട, ആകാവുന്നതെല്ലാം ചെയ്യാം’ എന്നായിരുന്നു ഇവരോടുള്ള മറുപടി. പരാതിയുമായെത്തിയവരെ മുഴുവന്‍ കണ്ടു കഴിഞ്ഞപ്പോഴേക്കും 12.20 ആയി. അപ്പോഴാണ് പുറത്ത് നില്‍ക്കുന്ന പഴയ സഹപ്രവര്‍ത്തകരും സഹപാഠികളുമായവരെ ശ്രദ്ധിച്ചത്. അവരെയെല്ലാം അകത്തേക്ക് വിളിച്ചു. ഓരോരുത്തരോടും ആരോഗ്യസ്ഥിതിയും കുടുംബകാര്യങ്ങളുമൊക്കെയായി നാട്ടുവര്‍ത്തമാനങ്ങള്‍. അവര്‍ക്കിടയില്‍ പഴയ സതീര്‍ഥ്യനും സഹപ്രവര്‍ത്തകനുമായി അല്‍പ്പനേരത്തേക്ക് മുഖ്യമന്ത്രി മാറി. പിന്നെ അടുത്ത പരിപാടിയുടെ തിരക്കിലേക്ക്.

NO COMMENTS

LEAVE A REPLY