ഭൂമി സംബന്ധമായ പരാതികളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത ശ്രമം ഉണ്ടാകണം : ജില്ലാ കളക്ടര്‍ ആർ.ഗിരിജ.

ഭൂമി സംബന്ധമായ പരാതികളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത ശ്രമം ഉണ്ടാകണം : ജില്ലാ കളക്ടര്‍ ആർ.ഗിരിജ.

244
0
SHARE

പത്തനംതിട്ട : ഭൂമി സംബന്ധമായ പരാതികളില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഊര്‍ജിതമായ ശ്രമം റവന്യു, സര്‍വേ വകുപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത്ത് പത്തനംതിട്ട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. സര്‍വേ സംബന്ധമായ പരാതികളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍വേ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഭൂമി സംബന്ധമായ പല പരാതികളിലും സര്‍വെ പരിശോധന പൂര്‍ത്തിയാകാതെ തീരുമാനമെടുക്കാന്‍ കഴിയില്ല. കോഴഞ്ചേരി താലൂക്കില്‍ റീസര്‍വെ കഴിയാത്ത പത്തനംതിട്ട വില്ലേജില്‍ ധാരാളം പരാതികളുണ്ട്. ഇവയില്‍ പലതും പരിഹരിക്കുന്നതിന് റീസര്‍വെ നടപടികള്‍ ആവശ്യമാണ്. നിയമപരമായ തടസങ്ങളില്ലാത്ത കാര്യങ്ങളില്‍ അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന ജില്ലാതല പരാതി പരിഹാര വേദിയില്‍ ലഭിച്ച പരാതികളില്‍ 80 ശതമാനം പരാതികളും പരിഹരിച്ചുകഴിഞ്ഞു. അദാലത്തുകളില്‍ ലഭിക്കുന്ന എല്ലാ പരാതികളും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്നവ ആയിരിക്കണമെന്നില്ല. എന്നാല്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുന്ന പരാതികള്‍ കാലതാമസം കൂടാതെ പരിഹരിക്കുന്നുണ്ടെന്ന് തുടര്‍ പരിശോധനകളിലൂടെ ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആകെ 152 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. റവന്യു (59) സിവില്‍ സപ്ലൈസ് (56) പഞ്ചായത്തുകള്‍ (11) നഗരസഭ (3) മറ്റു വകുപ്പുകള്‍ (23) എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ ഭൂരിപക്ഷവും റീസര്‍വെയിലെ അപാകതകള്‍, ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള തടസങ്ങള്‍ എന്നിവ സംബന്ധിച്ചുള്ളവയായിരുന്നു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ വര്‍ഷങ്ങളായി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും യാതൊരു ഫലമില്ലാതായവരാണ് അദാലത്തിലെത്തിയത്. ചില കേസുകളില്‍ സര്‍ക്കാര്‍ ചട്ടങ്ങളും കോടതി ഉത്തരവുകളും പരാതിക്കാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിന് തടസമായപ്പോള്‍ മറ്റു ചിലതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയും പരാതികള്‍ക്ക് കാരണമായതായി ബോധ്യപ്പെട്ടു. ഇത്തരം കേസുകളില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് പരാതികള്‍ പരിഹരിച്ച് നല്‍കാന്‍ ജില്ലാ കളക്ടര്‍ താലൂക്കിലെ എല്ലാ സര്‍വേ റവന്യു ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ എല്ലാംതന്നെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ആക്കാനുള്ളവയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വരുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൈമാറി. ചികിത്സാ ആവശ്യങ്ങള്‍ക്കായി റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കുന്നതിനുള്ള അപേക്ഷകളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. അദാലത്തില്‍ എഡിഎം അനു എസ്.നായര്‍, അടൂര്‍ ആര്‍.ഡി.ഒ എം.എ റഹിം, കോഴഞ്ചേരി തഹസില്‍ദാര്‍ പി.ടി എബ്രഹാം, അഡീഷണല്‍ തഹസില്‍ദാര്‍ ടി.എസ് ജയശ്രീ, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ കെ.ജയദീപ്, സി.ഗംഗാധരന്‍ തമ്പി, കെ.എച്ച് മുഹമ്മദ് നവാസ്, എം.ആര്‍ സുരേഷ്‌കുമാര്‍, വിവിധ വകുപ്പുകളിലെ താലൂക്കുതല ഉദ്യോഗസ്ഥര്‍, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY