എല്ലാ കുഞ്ഞുങ്ങള്‍ക്കും ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാകണം : ബ്രെറ്റ് ലീ.

എല്ലാ കുഞ്ഞുങ്ങള്‍ക്കും ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാകണം : ബ്രെറ്റ് ലീ.

171
0
SHARE

തിരുവനന്തപുരം : ലോകത്ത് പിറന്നുവീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാകണമെന്ന് ഗ്‌ളോബല്‍ ഹിയറിംഗ് അമ്പാസഡറും ആസ്‌ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ പറഞ്ഞു. കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയായ ‘കാതോര’ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ ശ്രവണപ്രശ്‌നങ്ങള്‍ കണ്ടെത്തി ചികില്‍സിക്കാനും അവര്‍ക്ക് ശബ്ദത്തിന്റെ പുതിയ ലോകം തുറന്നുനല്‍കാനും മുന്നോട്ടുവന്ന മാതാപിതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. കുട്ടികളുടെ കേള്‍ക്കാനുള്ള അവകാശമാണ് നിങ്ങള്‍ നേടിക്കൊടുത്തത്. കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കി ശ്രവണപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ മാതാപിതാക്കളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റിന്റെയും ശ്രവണ വൈകല്യ പരിഹാര നടപടികളുടെ അമ്പാസഡറായി ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ ചെറുപ്രായത്തിലെ ശ്രവണ പരിശോധനാ സംവിധാനമൊരുക്കിയ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ‘കാതോരം’ പോലെയുള്ള പദ്ധതിയില്‍ വലിയ പ്രതീക്ഷയാണുള്ളത്. തന്റെ മകന് ആറുവയസില്‍ ഒരപകടത്തില്‍ ശ്രവണശക്തിക്ക് സാരമായ കുറവ് സംഭവിച്ചപ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും വിഷമവും അവസ്ഥയും മനസിലായത്. തുടര്‍ചികില്‍സകളിലൂടെ മകന്‍ ഇപ്പോള്‍ സാധാരണനിലയിലാണ്. ശ്രവണവൈകല്യം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് ഈ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇവിടുത്തെ സംസ്‌കാരവും ജനങ്ങളെയും തനിക്കേറെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിനു ശേഷം ഉച്ചയ്ക്ക് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ബ്രെറ്റ് ലീ സന്ദര്‍ശിച്ചു. ആശുപത്രിയിലെ യൂണിവേഴ്‌സല്‍ ഹിയറിംഗ് സ്‌ക്രീനിംഗ് യൂണിറ്റിലെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നേരിട്ട് മനസിലാക്കിയത്. നിരവധി കുഞ്ഞുങ്ങളെ ജനിച്ച് മാസത്തിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയരാക്കുന്നത് അദ്ദേഹം കണ്ടു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ഇത്തരത്തില്‍ പരിശോധനയ്ക്കുള്ള സംവിധാനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, ആര്‍.എം.ഒ ഡോ. അനിതാ തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY